Ente Bhasha (Sannikrishtabdhithan) by Vallathol

സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും
സഹ്യഗിരിതന്‍ അടിയുറപ്പും
ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും
ശ്രീകന്യമാലിന്‍ പ്രസന്നതയും

ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും
തെങ്ങിളം കായ്നീരിന്‍ മാധുര്യവും
ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍
നന്ദിത പ്രാണമാം തൂമണവും
സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും
സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും
ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ
മത്താടി കൊള്‍കയാണഭിമാനമേ നീ

മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍
മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ
പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ
അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ
നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ..