Mathuvandanam (Vandippin Mathavine) by Vallathol
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെവന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ
എത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നു
സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ
പശ്ച്ചിമരത്നാകരം പ്രീതിയാൽ ദാനം ചെയ്ത
വിശ്വൈകമഹാരത്നമല്ലീ നമ്മുടെ രാജ്യം?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ
പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നു,കുമാരിയും ഗോകർണ്ണേശനുമമ്മേ
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിനുപാസ്യരായുല്ലൊർക്കുമുപാസ്യയെ
ആഴിവീചികളനുവേലം വെൺനുരകളാൽ
ത്തോഴികൾ പോലെ, തവ ചാരുതൃപ്പാദങ്ങളിൽ
തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നു; തൃപ്തി
കൈവരാഞ്ഞഴിക്കുന്നു! പിന്നെയും തുടരുന്നു
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിനനന്യസാധാരണസൗഭാഗ്യയെ!